India Kerala

പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്‍ ഇന്ന് സന്ദര്‍ശിക്കും

നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ കൊച്ചി പാലാരിവട്ടം മേല്‍പാലം ഇ ശ്രീധരന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് പരിശോധിക്കും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ ഉപദേശം തേടിയത്. പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.

പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്. ഇ ശ്രീധരന്റെ പരിശോധനക്ക് ശേഷം എത്തിച്ചേരുന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പാലം പണിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്ന് നേരത്തെ മദ്രാസ് ഐ.ഐ.ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

മേല്‍പ്പാലത്തിലെ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.കരാർ കമ്പനിയായ ആർ.ഡി.എസ് പ്രൊജക്ട്സ് ലിമിറ്റഡിന്റെ പനമ്പിള്ളി നഗർ റീജിയണൽ ഓഫിസിലും, പാലാരിവട്ടത്തെ ഓഫീസിലും കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.