തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ ആർ.എസ്.എസിന് ഡി.വൈ.എസ്.പിയുടെ താക്കീത്. പോലീസിനെ ആക്രമിച്ചാൽ കർശനമായി നേരിടുമെന്ന് ഡി.വൈ.എസ്.പി അശോകൻ പറഞ്ഞു. പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ പ്രവീണിനെ പിടികൂടുന്നതുവരെ ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് തുടരുമെന്നും അശോകന്‍ വ്യക്തമാക്കി.
ആർ.എസ്.എസിന്റെ നെടുമങ്ങാട് ജില്ലാ കാര്യാലയമായ സംഘ്മന്ദിറില്‍ ഡി.വൈ.എസ്.പി അശോകന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിനു ശേഷം വ്യാപക പ്രചരണമാണ് ഡി.വൈ.എസ്.പി ആശോകനെതിരെ ആർ.എസ്.എസ് നടുത്തുന്നത്. ഡി.വൈ.എസ്.പി ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളാണെന്നാണ് പ്രചരണം. എന്നാല്‍ നിയമ പ്രകാരമുള്ള നടപടിയാണ് താന്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ ആക്രമിച്ചാല്‍ നോക്കിയിരിക്കാനാകില്ല. വലിയ അക്രമം നടത്തിയിട്ടാണ് കാര്യവാഹക് പ്രവീണ്‍ മുങ്ങിയത്. ഇയാളെ പിടികൂടും വരെ റെയിഡ് തുടരുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
അക്രമങ്ങളില്‍ സി.പി.എം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പല അക്രമസംഭവങ്ങളും പൊലീസിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നും ഡി.വൈ.എസ്.പി അശോകന്‍ പറഞ്ഞു.