India Kerala

കണ്ണൂരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും

കണ്ണൂർ ചപ്പാരപ്പടവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും. സംസ്ഥാന തലത്തിൽ യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്ന് യു.ഡി.എഫ് തീരുമാനമെടുത്തതിന് പിന്നാലെയാണ് കണ്ണൂരിൽ യൂത്ത് ലീഗും ഡി.വൈ.എഫ്.ഐയും സമരരംഗത്ത് ഒരുമിച്ചത്.

ഡി.വൈ.എഫ്.ഐ യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ നിരന്തരം സംഘർഷങ്ങളുണ്ടാകുന്ന പ്രദേശമാണ് ചപ്പാരപ്പടവ്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ ഇരു സംഘടനകളും തമ്മിൽ യോജിക്കുകയാണ്. മാത്രമല്ല, ഈ കൂട്ടായ്മ തുടരാനാണ് ഇവരുടെ തീരുമാനം.

യുവജന സംഘടനകളുടെ കൂട്ടായ്മയിൽ പങ്കെടുക്കാൻ സി.പി.എമ്മിന്റെയും മുസ്ലിം ലീഗിന്റെയും മുതിർന്ന നേതാക്കളും ചപ്പാരപ്പടവിൽ എത്തിയിരുന്നു. സംസ്ഥാന തലത്തിൽ എൽ.ഡി.എഫുമായി യോജിച്ചുള്ള പ്രക്ഷോഭങ്ങൾ വേണ്ടെന്ന് യു.ഡി.എഫ് തീരുമാനം എടുത്തിരുന്നു.ഇതിന് പിന്നാലെയാണ് ഇരു യുവജന സംഘടനകളും യോജിച്ച് സമരരംഗത്തിറങ്ങിയത്. എന്നാൽ പരിപാടിയിൽ നിന്നും യൂത്ത് കോൺഗ്രസ് വിട്ടു നിന്നു.