India Kerala

വാഹനം ഇടിപ്പിച്ച് പൊലീസുകാരനെ പരിക്കേല്‍പ്പിച്ച പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു

തിരുവനന്തപുരം പൂന്തുറയില്‍ പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയെ ഡി.വൈ.എഫ്.ഐ ബലമായി സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പ്രവീണിനെയാണ് മോചിപ്പിച്ചത്. പ്രവീണ്‍ വാഹന പരിശോധനക്കിടെ ആക്രമിച്ചെന്ന്പരിക്കേറ്റ പൊലീസുകാരന്‍ മീഡിയാവണിനോട് പറഞ്ഞു.

പൂന്തുറ സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പ്രവീണ്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനത്തിലെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ കൈ കാണിച്ചെങ്കിലും ഇയാള്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇതോടെ സമീപമുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ വാഹനത്തിന് മുന്നിലേക്ക് കയറി നില്‍ക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തിയാണ് പ്രവീണ്‍ കടന്നു കളഞ്ഞത്. പിന്നീട് ഇയാളെ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ രാത്രിയോടെ സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിയെ മോചിപ്പിച്ചതായി പരിക്കേറ്റ പൊലീസുകാരന്‍ മീഡിയവണിനോട് പറഞ്ഞു. പൊലീസുകാരനെ ആക്രമിച്ച പ്രവീണിനെതിരെ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവം അന്വേഷിച്ച ശേഷം ഇടപെടമെന്ന് പൊലീസ് അസോസിയേഷന്‍ അറിയിച്ചു.