Kerala

ജിഷ്ണു രാജിന് ക്രൂര മർദനമേറ്റ സംഭവത്തിൽ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട് എസ്ഡിപിഐയുടെ ഫ്‌ളക്‌സ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ബാലുശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോയും ചിത്രീകരിച്ചു. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്.

” ഡിവൈഎഫ്‌ഐ പ്രവർത്തകനെ അക്രമിച്ച എസ്ഡിപിഐക്കെതിരെ ശക്തമായി പ്രതികരിച്ച് ഡിവൈഎഫ്‌ഐ …”
ഡിവൈഎഫ്‌ഐ എങ്ങനെ പ്രതികരിച്ചു?, ബ്രഷ് മതിലിൽ അമർത്തി വെച്ച് എഴുതി. “വർഗ്ഗീയത തുലയട്ടെ” – ഇത്തരത്തിലുള്ള പരിഹാസ വാക്കുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

30 പേര്‍ വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബാലുശേരിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണു വെളിപ്പെടുത്തിയിരുന്നു. പോസ്റ്റര്‍ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു പറഞ്ഞു. ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്‌ളക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്നും ജിഷ്ണു ട്വന്റിഫോറിനോട് പറഞ്ഞു.

തന്നെ കുറെ കാലമായി എസ്ഡിപിഐ മുസ്‌ലിം ലീഗ് സംഘം തെരഞ്ഞ് വച്ചതായിരുന്നു. ഇന്നലെ 30 പേര് അടങ്ങുന്ന സംഘം തന്നെ ഒറ്റക്ക് കിട്ടിയപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വെള്ളത്തില്‍ പിടിച്ച് മുക്കി. തൊട്ടടുത്ത് ഒരു തോടുണ്ടായിരുന്നു അതിലാണ് മുക്കിയത്. ഒടുവില്‍ കഴുത്തില്‍ വടിവാള് വച്ച് ഭീഷണപ്പെടുത്തി എടുത്ത വിഡിയോ ആണ് ഇപ്പോള്‍ അവര്‍ പ്രചരിപ്പിക്കുന്നതെന്നും ജിഷ്ണു പറഞ്ഞു.