India Kerala

സംസ്ഥാനത്തേക്ക് മയക്കുമരുന്ന് ഒഴുകുന്നു; പാലക്കാട് നിന്നു മാത്രം 90 കിലോ കഞ്ചാവ് പിടികൂടി

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നു. പാലക്കാട് ജില്ലയില്‍ നിന്നു മാത്രം കഴിഞ്ഞ 39 ദിവസത്തിനിടെ 90 കിലോ കഞ്ചാവ് എക്സൈസ് വകുപ്പ് പിടികൂടി. മയക്കു ഗുളികകളും സ്പിരിറ്റ് കടത്തും വ്യാപകമാണ്.

കേരളത്തിലേക്ക് കഞ്ചാവും, വിവിധ മയക്കു മരുന്നുകളും വന്‍ തോതിലാണ് ഒഴുകുന്നത്. കേരള അതിര്‍ത്തി കടന്ന് പാലക്കാട് ജില്ലയിലെത്തിച്ച 90 കിലോ കഞ്ചാവ്, 1202 മയക്കു ഗുളികകള്‍, 42 കിലോ ഹാഷിഷ്, മുക്കാല്‍ കിലോ കറുപ്പ് എന്നിവയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍മാര്‍ മാത്രം പിടിച്ചത്. ഒറീസ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് കുടുതലായി കഞ്ചാവ് എത്തുന്നത്.

എക്സൈസ് പിടികൂടിയതു കൂടാതെ പൊലീസും നിരവധി പേരെ കഞ്ചാവും, മയക്കു മരുന്നുകളുമായി പിടികൂടി. 2240 ലിറ്റര്‍ സ്പിരിറ്റ് കൊഴിഞ്ഞാപ്പറയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. വാഹന പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ട്രെയിന്‍, ബസ് മാര്‍ഗം മയക്കുമരുന്ന് കടത്തും വ്യാപകമാണ്. വിദ്യാര്‍ഥികളെയും, യുവാക്കളെയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന വന്‍ സംഘത്തെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ.