India Kerala

കുടിവെള്ള സ്രോതസ്സുകള്‍ക്ക് സമീപം മരുന്നുകള്‍ കുഴിച്ചിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

കോതമംഗലം വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഉപയോഗശൂന്യമായ മരുന്നുകള്‍ കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍തടഞ്ഞു. ജനവാസമേഖലയില്‍ മരുന്നുകള്‍ കുഴിച്ചിടുന്നത് കുടിവെള്ള സ്രോതസ്സുകള്‍ ഉള്‍പ്പെടെ മലിനമാകാന്‍ ഇടയാക്കുമെന്നും നാട്ടുകാര്‍ ആരോപിച്ചു. നൂറുകണക്കിന് ചാക്കുകളില്‍ നിറച്ച കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും മരുന്നുകളുമാണ് വടാട്ടുപാറയിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കുഴിച്ചുമൂടാൻ ശ്രമിച്ചത്.

മീന്‍കുളം നിര്‍മിക്കുന്നതിന് കുഴിച്ച സ്ഥലത്ത് മരുന്നുകള്‍ കൊണ്ട് തള്ളിയതറിഞ്ഞ നാട്ടുകാര്‍ ഇത് തടഞ്ഞു. ഹെൽത്ത് ഡ്രിങ്ക്സ്, ഷാമ്പൂ, സോപ്പ്, ഗുളികൾ, ഓയിലുകൾ, വിവിധതരം ക്രീമുകൾ, സ്പ്രേകൾ തുടങ്ങിയവയുടെ വൻശേഖരമാണ് ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്. ഓൺലൈൻ മാർക്കറ്റിംഗ് വഴി വിറ്റഴിക്കുന്ന വിലകൂടിയ ഉൽപന്നങ്ങളാണ് ഇതിൽ കുടുതലും. കിണറുകൾ അടക്കമുള്ള കുടിവെള്ള സ്രോതസുകൾ മലിനമാക്കാൻ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.