India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ഡ്രൈവര്‍ നിയാസും എ.എസ്.ഐയും കീഴടങ്ങി

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ ക്രൈംബ്രഞ്ച് അന്വേഷണസംഘം മുമ്പാകെ രണ്ട് പ്രതികള്‍ കൂടി ഹാജരായി. പൊലീസ് ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. റിമാന്‍ഡില്‍ കഴിയുന്ന എസ്.ഐ കെ.എ സാബുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിച്ചേക്കും.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജകുമാറിനെ കസ്റ്റഡിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരാണ് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം മുമ്പാകെ നെടുങ്കണ്ടം ഗസ്റ്റ് ഹൌസില്‍ ഹാജരായത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇരുവരെടെയും അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസ് ഉദ്യാഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയുരുന്നു. അവര്‍ നല്‍കിയ മൊഴിയിലും റെജിമോനും നിയാസും അതിക്രൂരമായി രാജ്കുമാറിനെ മര്‍ദ്ദിച്ചുവെന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം ഇവരെകൂടാതെ രണ്ട് പൊലീസ് ഉദ്യാഗസ്ഥരെ കൂടി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. സാമ്പത്തിക തട്ടിപ്പ് കേസിലെ രാജ്കുമാറിന്റെ കൂട്ടുപ്രതികളായ ശാലിനിയും മഞ്ജുവും ഹാജരാകണമെന്ന നിര്‍ദ്ദേശം ക്രൈംബ്രാഞ്ച് നല്‍കിയിട്ടുണ്ട്. ഇന്ന് മഞ്ജുവും നാളെ ശാലിനിയും ഹാജരായേക്കും. റിമാന്‍ഡില്‍ ദേവികുളം ജയിലില്‍ കഴിയുന്ന എസ്ഐ കെഎ സാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.