Kerala

ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; കേസിലെ കൂട്ടുപ്രതികൾക്കായി അന്വേഷണം വിപുലമാക്കി പൊലീസ്

ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ കേസിലെ കൂട്ടുപ്രതികൾക്കായി അന്വേഷണം വിപുലമാക്കി പൊലീസ്. മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച കോട്ടയം മാങ്ങാനം സ്വദേശിയായ ബിബിൻ, ബിനോയ് എന്നിവരാണ് പിടിയിലാകാനുള്ളത്.

ഇവർ സംസ്ഥാനം വിട്ടതായാണ് വിവരം. കൊല്ലപ്പെട്ട ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിൻ്റെ സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

പുതുപ്പള്ളി സ്വദേശികളായ രണ്ടുപേർക്കു വേണ്ടിയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവർ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. മരണ കാരണം ക്രൂര മർദനമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മർദനത്തിൽ ബിന്ദുമോന്റെ വാരിയെല്ലുകൾ തകർന്നു. മർദനമേറ്റതിന്റെ നിരവധി പാടുകൾ ശരീരത്തിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തൽ.

ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തിയത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (40 വയസ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മാൻ മിസിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

അന്വേഷണത്തിനൊടുവിൽ ബിന്ദു കുമാറിൻ്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. ബൈക്ക് അപകടത്തിൽപ്പെട്ടതാണോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.