ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മോഹൻലാൽ നായകനായ ദൃശ്യം. ബംഗ്ലാദേശ് പൊലീസിലെ അഡീഷണൽ സൂപ്രണ്ടായ മഷ്റൂഫ് ഹുസൈനാണ് സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്. പൊലീസ് അക്കാദമിയിലെ ട്രയിനികളെ നിർബന്ധമായും കാണിക്കേണ്ടതാണ് ഈ ചിത്രമെന്നാണ് അദ്ദേഹം എഴുതിയത്. ഹുസൈന്റെ കുറിപ്പ് സിനിമാ അണിയറ പ്രവർത്തകർ ദൃശ്യം 2വിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.
‘പൊലീസ് അക്കാദമിയിൽ ദൃശ്യം 2 നിർബന്ധമായും കാണിക്കേണ്ട ചിത്രമാണ്. എങ്ങനെയായിരിക്കണം കുറ്റാന്വേഷണ മനസ്സ് എന്ന് ഈ സിനിമ കാണിച്ചു തരുന്നുണ്ട്. പൊലീസുകാർ ആകുന്നവർക്കും അല്ലാത്തവർക്കും സിനിമ മികച്ച ദൃശ്യാനുഭവമാണെന്നും അദ്ദേഹം കുറിച്ചു.
അതിനിടെ, മലയാളത്തിൽ വൻ വിജയമായ ചിത്രം തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. തെലുങ്കിൽ വെങ്കിടേഷ് ആണ് നായകൻ. ഹിന്ദിയിൽ അജയ് ദേവ്ഗണും തബുവുമാണ് പ്രധാന വേഷത്തിലെത്തുന്നത്.