മോഹന്‍ലാലിന്‍റെ പിറന്നാളിന് മുന്നോടിയായി ആരാധകര്‍ക്ക് ആവേശം നല്‍കി ദൃശ്യം 2 പ്രഖ്യാപനം. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നയുടന്‍ ദൃശ്യം 2 സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യം മുന്‍ നിര്‍ത്തിയുള്ള ചിത്രീകരണമായിരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ലോക്ക് ഡൌണിന് ശേഷം 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകുന്ന രീതിയിലാകും ചിത്രം ഒരുക്കുക. ദൃശ്യം 2വിന്‍റെ ചിത്രീകരണം കഴിഞ്ഞാകും തുടര്‍ന്നുള്ള മറ്റു സിനിമകളുടെ ചിത്രീകരണവും മറ്റു ജോലികളും പൂര്‍ത്തിയാക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ മോഹന്‍ലാല്‍-ജിത്തുജോസഫ് കൂട്ടുകെട്ടില്‍ റാം എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കേണ്ടതിനാല്‍ ഈ സിനിമയുടെ ചിത്രീകരണം നീണ്ടേക്കുമെന്നാണ് വിവരം. 2013 ഡിസംബര്‍ 19ന് റിലീസ് ചെയ്ത ദൃശ്യം മലയാളം ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതിയ ചിത്രമായിരുന്നു. 150 ദിവസമാണ് ദൃശ്യം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രം പിന്നീട് വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയുമുണ്ടായി. തമിഴിലും തെലുഗിലും കന്നഡയിലും ഹിന്ദിയിലും റീമേക്കുകള്‍ ഒരുക്കിയ ചിത്രത്തിന്‍റെ ചൈനീസ്, ശ്രീലങ്കന്‍ പതിപ്പുകളും പിന്നീട് പുറത്തുവന്നു.