സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 28 ന്. 2015 ലെ വോട്ടര്‍ പട്ടിക മാനദണ്ഡമാക്കുന്നതിനെതിരെ പ്രതിപക്ഷം നിയമനടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് കരട് വരുന്നത്.
941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വോട്ടര്‍പട്ടികയുടെ കരടാണ് പുറത്തിറങ്ങുന്നത്. 2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. തിരുത്തലുകള്‍, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍ പട്ടികയാണ് ഇപ്പോള്‍ കരടായി പ്രസിദ്ധീകരിക്കുന്നത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാത്തതില്‍ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനുമായി തര്‍ക്കത്തിലാണ്. കരട് പട്ടികക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പട്ടിക പുതുക്കല്‍ നടപടിയുമായി പ്രതിപക്ഷം സഹകരിക്കാനുള്ള സാധ്യതയില്ല. ആദ്യ ഘട്ടത്തില്‍ ഈ നടപടിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.എം പിന്നീട് നിലപാട് മാറ്റി. വാര്‍ഡ് തലത്തില്‍ പുനക്രമീകരിക്കാന്‍ സമയവും സാമ്പത്തികവും ചെലവാകും എന്നതാണ് കമ്മീഷന്റെ നിലപാട്. വോട്ടര്‍മാരെ ചേര്‍ക്കല്‍ പ്രാദേശിക തലത്തില്‍ നടന്നുകൊള്ളും എന്നും കമ്മീഷന്‍ കരുതുന്നു.