Kerala

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് വിശദമായി പരിശോധിക്കും

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. ഇതിന് ശേഷമാകും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. കോടതി നിര്‍ദേശപ്രകാരം പുനലൂര്‍ താലൂക്കാശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ സന്ദീപിന്റെ കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ജി സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നേതൃത്വം നല്‍കുന്ന സംഘമാണ് പരിശോധിക്കുക. പ്രതിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില മെഡിക്കല്‍ സംഘം വിലയിരുത്തും. സന്ദീപിന് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നാണാണ് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ട്. അന്വേഷക സംഘം സന്ദീപിനെ കൊട്ടാരക്കര എസ് പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി.

ആക്രമണത്തിന് ഉപയോഗിച്ച കത്രിക എവിടെ നിന്ന് എങ്ങനെ കൈക്കലാക്കി എന്നീ കാര്യങ്ങളില്‍ വ്യക്തതവരുത്താനുണ്ട്. സന്ദീപിന്റെ ശരീരത്തിലുള്ള മുറിവ് എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കോടതി ഉത്തരവ് പ്രകാരം സന്ദീപിന്റെ ഇടതുകാലിന്റെ പൊട്ടലിന് പുനലൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇയാളുടെ കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് വൈകും. ആരോഗ്യസ്ഥിതി തൃപ്തികരമായാല്‍ മാത്രമേ തെളിവെടുപ്പ് നടക്കുകയുള്ളൂ.