Kerala

തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും

തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ.ജോ ജോസഫി(41)നെ പ്രാഖ്യാപിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പ്രഖ്യാനം നടത്തിയത്.

പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജോ ജോസഫ് മത്സരിക്കുകയെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. എറണാകുളത്തെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. കൊച്ചി വാഴക്കാല സ്വദേശിയാണ്.

തൃക്കാക്കരയില്‍ ഇടത് പക്ഷ മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷ ഇ.പി.ജയരാജന്‍ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂര്‍ത്തിയാകാത്തതിനാലാണെന്നും ഇ.പി.ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ലിസി ഹോസ്പിറ്റലില്‍ ഹൃദ്രോഗ വിദഗ്ധനാണ് ഇപ്പോള്‍. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡല്‍ഹി എയിംസില്‍ നിന്ന് ഡോക്ടറേറ്റടക്കം നേടിയിട്ടുണ്ട്. പ്രളയ, കൊവിഡ് കാലയളവുകളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ഇടപെടിലുകളും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.