India Kerala

ബാബുപോളിന് അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ; സംസ്കാരം നാളെ

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി ബാബു പോളിന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. തിരുവനന്തപുരം സെന്‍റ് പീറ്റർ യാക്കോബായ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം മൃതദേഹം കവടിയാറിലെ വസതിയിൽ പൊതുദർശനത്തിന് വച്ചു. നാളെ വൈകുന്നേരം നാല് മണിക്ക് എറണാകുളം കുറുപ്പുംപടിയിലെ സെന്‍റ് മേരീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

പുലർച്ചെ അന്തരിച്ച ബാബുപോളിന്‍റെ ഭൗതികദേഹം രാവിലെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ട് നൽകിയത്. ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. സെക്രട്ടറിയറ്റിന് സമീപത്തെ സെന്‍റ് പീറ്റർ യക്കോബായ പള്ളിയിൽ കൊണ്ട് വന്ന് ആദ്യ അന്ത്യ ശുശ്രൂഷ നൽകി. കർദ്ദിനാൾ മാർ ബസേലയോസ് ക്ലീമിസ് ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അന്തിമോപചാരം അർപ്പിച്ചത്

കേരളം കണ്ട മികച്ച ബ്യൂറോക്രാറ്റും എഴുത്തുകാരനുമായിരുന്ന അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിക്കാൻ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തി. കവടിയാറിലെ വസതിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹം നാളെ രാവിലെ ഏഴു മണിക്ക് എറണാകുളത്തേക്ക് കൊണ്ടു പോകും. കുറുപ്പുംപടിയിലെ സെന്‍റ് മേരീസ് പള്ളിയിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കുക.