തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെയ് രണ്ടിന് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുള്ള ആഘോഷങ്ങളെ പാടുള്ളു എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.
ലോക്ക്ഡൗൺ കേരളത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സമ്പൂർണ അടച്ചിൽ വേണ്ട. ‘ഞായറാഴ്ച നിയന്ത്രണം നന്നായി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുക്കണം. കച്ചവടക്കാരുടെ സമയക്രമത്തിൽ വ്യക്തത വേണം. കടകൾ അടയ്ക്കുന്ന സമയം 9 മണി വരെയാക്കുന്നതിൽ തെറ്റില്ല’- പ്രതിപക്ഷ നേതാവ് പറഞ്ഞു.
സാഹചര്യം വിലയിരുത്തി ഗവൺമെന്റ് അഭിപ്രായം പറയട്ടെയെന്നും തുടർന്ന് പ്രതിപക്ഷ അഭിപ്രായം വ്യക്തമാക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫിന് വലിയ വിജയ പ്രതീക്ഷയാണുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കുറി യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസവും ചെന്നിത്തല പങ്കുവച്ചു.