Kerala

തൃക്കാക്കരയില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍; 20-20 നിലംതൊടില്ലെന്ന് ഡൊമിനിക് പ്രസന്റേഷന്‍

തൃക്കാക്കരയില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്ന് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. തൃക്കാക്കരയില്‍ ചില സോഷ്യല്‍ ഇക്വേഷന്‍സുണ്ട്. അതുകൂടി പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. ട്വന്റി-ട്വന്റി ഇത്തവണ തൃക്കാക്കരയില്‍ നിലംതൊടില്ലെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

തൃക്കാക്കര പിടിച്ചാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരിനുള്ള ജനകീയ അംഗീകാരമായി എല്‍ഡിഎഫിന് അത് ഉയര്‍ത്തിക്കാട്ടാം. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് കൂടിയാകും തൃക്കാക്കരയിലെ മത്സരം.

ഉറച്ച മണ്ഡലം നിലനിര്‍ത്തുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. പി.ടിയുടെ ഭാര്യ ഉമാ തോമസ് മത്സരിക്കാന്‍ സന്നദ്ധയാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഉമ തയ്യാറായാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രശ്നങ്ങളില്ലാതെ പോകും. ഇല്ലെങ്കില്‍ സംഗതി കീറാമുട്ടിയാകാനിടയുണ്ട്. ഉമയെങ്കില്‍ പി.ടിയുടെ വിയോഗവും വനിതയെന്നതും ഗുണം ചെയ്യുമെന്ന് യുഡിഎഫ് കരുതുന്നുണ്ട്. വി.ഡി.സതീശനും, കെ.സുധാകരനും ചേര്‍ന്ന പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് കൂടിയാകും യുഡിഎഫിന് തൃക്കാക്കര പോര്.

നിലവില്‍ 99 സീറ്റുണ്ട് ഇടതുമുന്നണിക്ക്. തൃക്കാക്കര കൂടി ഇടത്തേക്ക് ചാഞ്ഞാല്‍ ഫാന്‍സി നമ്പരായ 100ലേക്കെത്തും. കൊവിഡ് കൊണ്ടുവന്ന തുടര്‍ഭരണമെന്ന പ്രതിപക്ഷ പ്രചരണങ്ങളുടെ മുനയൊടിക്കാമെന്നതിനൊപ്പം സില്‍വര്‍ലൈന്‍ അടക്കമുള്ള വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി തല്‍ക്കാലത്തേക്കെങ്കിലും ഒഴിയുകയും ചെയ്യും. സീറ്റ് സിപിഎമ്മിന് തന്നെയെന്ന് ഉറപ്പിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളില്ല.