പ്രതിവാരം 113 സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് നടത്തുക
കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. പ്രതിവാരം 113 സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് നടത്തുക. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകമായ സജ്ജീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയതോടെ സുരക്ഷിതമായ യാത്രക്കാവശ്യമുള്ള സജ്ജീകരണങ്ങള്‍ കൊച്ചിവിമാനത്താവളത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. മുപ്പത് ശതമാനം സർവീസുകൾ നടത്താനാണ് വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്. ഇതനുസരിച്ച് കൊച്ചിയിൽ നിന്ന് പ്രതിവാരം 113 സർവീസുകൾ ഉണ്ടാകും. സമ്പൂർണമായി യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, തിരിച്ചറിയൽ പ്രക്രിയകളാവും നടക്കുക. മെയ് 25 മുതൽ ജൂൺ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബാംഗ്ലൂർ, കോഴിക്കോട്, ചെന്നൈ, ഡെൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂർ, പൂണെ എന്നീ നഗരങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസുകള്‍ നടത്തുക. വെബ് ചെക്ക് ഇൻ, ആരോഗ്യ സേതു മൊബൈൽ ആപ്, സ്വയം വിവരം നൽകൽ എന്നിവ സംബന്ധിച്ചുള്ള കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുവേണം യാത്രക്കാർ വിമാനത്താവളത്തിൽ എത്തേണ്ടത്.
യാത്രയ്ക്ക് നാല് മണിക്കൂർ മുമ്പുതന്നെ യാത്രക്കാർക്ക് ടെർമിനലിനുള്ളിൽ പ്രവേശിക്കാം. രണ്ടുമണിക്കൂറിന് മുമ്പെങ്കിലും ടെർമിനലിൽ റിപ്പോർട്ട് ചെയ്തിരിക്കണം. വിമാനക്കമ്പനികൾ ഓൺലൈൻ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. മറ്റ് സംസ്ഥാനത്തേയ്ക്ക് പോകുന്നവർ അതത് സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഇതിനുവേണ്ടി പാസ് ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കണം. കൊച്ചിയിൽ എത്തിച്ചേരുന്ന യാത്രക്കാർ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ക്വാറന്റൈൻ, കോവിഡ് ജാഗ്രതാ ആപ് സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കണമെന്നും സിയാല്‍ അറിയിച്ചിട്ടുണ്ട്.