ആലപ്പുഴയിൽ കഴിഞ്ഞ ദിവസം 33 പേരെ കടിച്ച തെരുവ് നായക്ക് പേവിഷ ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. പട്ടിയുടെ കടിയേറ്റവർ ഉടൻ തന്നെ പേവിഷ ബാധക്കുള്ള പ്രതിരോധ ചികിത്സ തേടണമെന്ന് ജില്ലാ കലക്ടർ നിര്‍ദേശിച്ചു.
ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് പേ വിഷ ബാധ പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിരുന്നു. എന്നാൽ കൂടുതൽ പ്രതിരോധത്തിനായി കടിയേറ്റവർ ഇമ്മ്യുണോ ഗ്ലോബിൻ കുത്തിവെയ്പ്പ് കൂടി എടുക്കണം എന്ന് ജില്ലാ കലക്ടർ അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ആളുകൾ പോകേണ്ടത്. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനും കലക്ടർ നിർദേശം നൽകി.
ബുധനാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ നഗരത്തിലെ വിവിധയിടങ്ങളിലായി തെരുവ് നായ ആക്രമണമുണ്ടായത്. 33 പേർക്ക് നായയുടെ കടിയേറ്റു. സ്ത്രീകൾ അടക്കം ഉള്ളവർക്കാണ് കടിയേറ്റത്. മൃഗ സംരക്ഷണ വകുപ്പും പൊലീസും ചേർന്ന് പിന്നീട് തെരുവ് നായ്ക്കളെ പിടികൂടുകയായിരുന്നു.