തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന പൂര്‍ത്തിയായി. മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ആനയെ പരിശോധിച്ചത്. ഡോക്ടര്‍മാരായ വിവേക്,ഡേവിഡ്,സോജു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കലക്ടര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.ആരോഗ്യ സ്ഥിതി അനുകൂലമെങ്കില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തിടമ്പേറ്റാന്‍ അനുമതി ലഭിക്കും.ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണ സമിതി യോഗത്തിന്റേതാണ് തീരുമാനം.
ഇന്ന് വൈകിട്ട് മൂന്നിനാണ് പരിശോധന. പരിശോധനാ ഫലം അനുകൂലമെങ്കില്‍ നിയന്ത്രണങ്ങളോടെയായിരിക്കും എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കുക. ഒന്നര മണിക്കൂര്‍ മാത്രമായിരിക്കും എഴുന്നള്ളിപ്പിന് അനുവദിക്കുക. മെയ് 12ന് രാവിലെ ഒന്‍പത് മുതല്‍ പത്തര വരെ. ആനയുടെ സമീപത്ത് 15 ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശന അനുമതി ഉണ്ടാവുക. ആനയുടെ ഉടമയായ തെച്ചിക്കോട്ടുകാവ് ദേവസ്വം ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പ് നല്‍കുകയും വേണം. ആരോഗ്യ ക്ഷമത പരിശോധന നടത്താനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി ആന ഉടമ സംഘടന നേതാക്കള്‍ പറഞ്ഞു.
നിയന്ത്രണങ്ങളോടെ പൂരത്തില്‍ പങ്കെടുക്കാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നല്‍കാമെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു. ആനക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയില്‍ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കട്ടെയെന്ന നിലപാട് ഹൈക്കോടതിയും സ്വീകരിച്ചു. തെച്ചിക്കോട്ട് ഇല്ലെങ്കില്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന നിലപാടില്‍ ആന ഉടമകളും ഉറച്ച് നിന്നതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ജില്ല കലക്ടര്‍ പുനഃപരിശോധനക്ക് തയ്യാറാവുകയായിരുന്നു. അതേസമയം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധനക്ക് ശേഷം വിലക്ക് ഏര്‍പ്പെടുത്തിയ ആനക്ക് എഴുന്നള്ളിപ്പിന് അനുവാദം നല്‍കാന്‍ നാട്ടാന നിരീക്ഷണ സമിതിക്ക് അധികാരം ഉണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.