India Kerala

രോഗികളെ വലച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം

ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് 2 മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ഒപിയുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു.

കേരള മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2 മണിക്കൂര്‍ നീണ്ട് സൂചന സമരം നടത്തിയത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഇന്ന് രാവിലെ ഒപി വിഭാഗങ്ങളില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സമരം രോഗികളെ വലച്ചു. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു തുടങ്ങിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചില്ല.

തിരുവനന്തപുരം മെഡി. കോളേജിലെ ഡോക്ടര്‍മാര്‍ ഒപി ബ്ലോക്കില്‍ നിന്നും ഡി.എം.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എറണാകുളം മെഡികല്‍ കോളേജിലെ 20 ശതമാനം ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കാളികളായത്. ശബള പരിഷ്കരണം നവംബര്‍ 27ആം തിയതിക്കകം നടപ്പിലാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

2006ലാണ് അവസാനമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് ശബള പരിഷ്കരണം ലഭിച്ചത്. 2016ലായിരുന്ന ശബളം പരിഷ്കരിക്കേണ്ടിയിരുന്നത്. ഇത് രണ്ടാം തവണയാണ് ഡോക്ടര്‍മാര്‍ സൂചന സമരം നടത്തുന്നത്.