വിമർശനങ്ങളിൽ പ്രതികരിക്കേണ്ടെന്ന് സംസ്ഥാന നേതാക്കളെ വിലക്കി ബി.ജെ.പി ദേശീയ നേതൃത്വം. അതോടെ സ്വർണ കടത്ത് കേസിൽ സംസ്ഥാന പ്രസിഡന്റിന് കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണയില്ലാതെയായി.
ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ജനം ടി.വിയിലെ മുൻ കോഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ സ്വർണക്കടത്ത് കേസിലെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തതോടെയാണ് സി.പി.എം ബി. ജെ. പിക്കെതിരെ ആരോപണം കടുപ്പിച്ചത്.
അനിൽ നമ്പ്യാരുമായി സംസാരിച്ചെന്ന സ്വപ്ന സുരേഷിന്റെ മൊഴിയാണ് വി. മുരളീധരനെതിരെ സി.പി.എം ഉപയോഗിച്ചത്. ഇതുന്നയിച്ച് ബി ജെ പി യെ പ്രതിക്കൂട്ടിൽ നിർത്തി. ഇതോടെ പ്രതിരോധത്തിലായ ബി.ജെ.പി തിരിച്ചടി ശക്തമാക്കാനിരിക്കേയാണ് ദേശീയ നേതൃത്വത്തിന്റെ വിലക്ക് വീണത്. ആക്ഷേപത്തെ പ്രതിരോധിച്ച് പ്രശ്നം വഷളാക്കുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. വിമർശനങ്ങളിൽ പോലും സംസ്ഥാനത്ത് വിഭാഗീയതയുണ്ടെന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ടെന്നാണ് സൂചന.
സ്വർണക്കടത്ത് കേസിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പാർട്ടിയിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന അഭിപ്രായം ഉയർന്നു കഴിഞ്ഞു. പി.കെ. കൃഷ്ണദാസ് പക്ഷത്തിന്റെ നിസ്സഹകരണം മൂലം സംഘടന സംവിധാനം ചലിപ്പിക്കേണ്ട ബാധ്യത മുരളീധരപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്തമായി ചുരുങ്ങി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ എം.ടി. രമേശ് പൂർണമായും മാറിനിൽക്കുമ്പോൾ മുരളീധരപക്ഷത്തെ സി. കൃഷ്ണകുമാറും പി. സുധീറും വേണ്ടത്ര ശോഭിക്കുന്നില്ലെന്ന ആക്ഷേപം സുരേന്ദ്രനൊപ്പമുള്ളവർക്കുണ്ട്. സംസ്ഥാന പ്രസിഡന്റ് എന്ന കൂടുതൽ സമരങ്ങളിൽ പങ്കെടുക്കേണ്ട അവസ്ഥയിലാണ് സുരേന്ദ്രനെന്ന ആക്ഷേപമാണ് സുരേന്ദ്രപക്ഷത്തിന്.