കക്കി ഡാമില്‍ നിന്ന് മിതമായ തോതില്‍ മാത്രമേ വെള്ളം തുറന്നുവിടുകയുള്ളൂവെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ട്വന്റിഫോറിനോട്. നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാന്‍ എല്ലാവരും തയാറാകണം. ഡാം തുറക്കുന്നത് സംബന്ധിച്ച് കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെ വിവരങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും കളക്ടര്‍ പറഞ്ഞു.
100 മുതല്‍ 200 ക്യമെക്സ് വരെയാണ് വെള്ളം തുറന്നുവിടാന്‍ ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ പരമാവധി 15 സെ.മി മാത്രമായിരിക്കും പമ്പാനദിയിലെ ജലനിരപ്പുയരുക. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകില്ലെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണനും പ്രതികരിച്ചു.
കക്കി ആനത്തോട് അണക്കെട്ട് ഇന്ന് തുറക്കാനിരിക്കെ പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ തുടരുകയാണ്. അച്ചന്‍കോവില്‍, പമ്പ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. സീതത്തോടില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണ്. നദീതീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊക്കോത്തോട്, കല്ലേലി, വയക്കര തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ ക്യാംപുകളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഓമല്ലൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. പന്തളത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.