Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; ഭരണസമിതി പിരിച്ചുവിട്ടു

കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാർ പിരിച്ചുവിട്ടു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൻ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ. ദിവാകരൻ പ്രസിഡന്റായിരിക്കുന്ന ഭരണസമിതി ജില്ലാ രജിസ്ട്രാർ പിരിച്ചുവിട്ടിരിക്കുന്നത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ) എംസി അജിത്തിനെ കരുവന്നൂർ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തി.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വൻ വായ്പ തട്ടിപ്പ് നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകർക്ക് പണം പിൻവലിക്കാൻ എത്തുമ്പോൾ പണം ലഭ്യമായിരുന്നില്ല. ഇതേതുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മുൻ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുൻകൈ എടുത്താണ് പരാതി നൽകിയത്. പലർക്കും ആവശ്യത്തിൽ അധികം പണം വായ്പയായി നൽകിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നൽകിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം. കുറച്ച് ദിവസം മുൻപ് കേസിൽ എഫ്‌ഐആർ ഇട്ടിട്ടതിനെ തുടർന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.

നിക്ഷേപകർക്ക് ആഴ്ചയിൽ 10,000 രൂപയിൽ കൂടുതൽ പിൻവലിക്കാനാവാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് ബാങ്ക് എത്തിയിരുന്നു. 46 ആളുകളുടെ പേരിൽ എടുത്ത 22.85 കോടി രൂപ മുഴുവൻ കിരൺ എന്നയാളുടെ ഒരു അക്കൗണ്ടിലേക്കാണ് വരവുചെയ്തിരിക്കുന്നത്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിൽ ക്രമക്കേടുകൾ തെളിഞ്ഞിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ ഒരുവർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ മാത്രം ഒന്നരക്കോടിയിലധികം കുറവുണ്ടെന്ന് കണ്ടെത്തി.

സിപിഐഎം ലോക്കൽകമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനിൽ കുമാർ, ബ്രാഞ്ച് മാനേജർ ബിജു കരിം, ബ്രാഞ്ച് സെക്രട്ടറിയും സീനിയർ അക്കൗണ്ടന്റുമായ ജിൽസൺ എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാർ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേർത്തിട്ടുണ്ട്.