സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. കോടതി നിര്‍ദേശപ്രകാരം വയനാട് ജില്ലാ ജഡ്ജി എ.ഹാരിസ് സ്കൂള്‍ സന്ദര്‍ശിച്ചു. മരിച്ച ഷെഹ്‌ല ഷെറിന്റെ സഹപാഠികള്‍ ബത്തേരിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട് നല്‍കി.
വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചതില്‍ സ്കൂളിന് വീഴ്ച പറ്റിയതായി ജില്ലാ ജഡ്ജി എ. ഹാരിസ് പറഞ്ഞു. ജില്ലാ കോടതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ക്ക് ജഡ്ജി നിര്‍ദേശം നല്‍കി. അതിനിടെ സ്കൂളിലേക്ക് പ്രകടനം നടത്തിയ ഷെഹ്‌ല ഷെറിന്റെ സഹപാഠികള്‍ സ്കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വിദ്യാര്‍ഥിനിക്ക് പ്രാഥമിക ചികിത്സ നല്‍കുന്ന കാര്യത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഡി.എം.ഒ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഷെഹ്‍ലയുടെ മരണം ആരോഗ്യവകുപ്പ് വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ഇന്നലെ വൈകിട്ടാണ് വയനാട് പുത്തൻകുന്ന് സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) ആണ് ക്ലാസില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്. ക്ലാസ്റൂമിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്നാണ് ഷഹ്‌ലക്ക് പാമ്പ് കടിയേറ്റത്.പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴിനില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു.