സിവില്‍ സപ്ലൈസിന് കീഴിലുള്ള സപ്ലൈകോ ഔട്ട് ലെറ്റുകളിലേക്കുള്ള സാധന വിതരണം നിര്‍ത്താനൊരുങ്ങി ചെറുകിട വിതരണക്കാര്‍. 250 കോടി രൂപയിലധികം സപ്ലൈകോ കുടിശിക വരുത്തിയതോടെയാണ് പിടിച്ചു നില്‍ക്കാനാകാതെ വിതരണം നിര്‍ത്തുന്നത്. ഇത് ക്രിസ്മസ് വിപണിയേയും സാരമായി ബാധിക്കും.
വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ സമയത്ത് സാധാരണക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നത് സപ്ലൈകോ ഔട്ട് ലെറ്റുകളാണ്.എന്നാല്‍ വിതരണക്കാര്‍ക്ക് കോടികളുടെ കുടിശ്ശിക വരുത്തി വെച്ചതോടെ സാധനങ്ങളുടെ വിതരണം നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലാണ് വിതരണക്കാര്‍. ആയിരത്തിലധികം ചെറുകിട വിതരണക്കാരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ഏഴു മാസമായി ഒരു രൂപ പോലും ഇവര്‍ക്ക് സപ്ലൈകോയില്‍ നിന്നും ലഭിച്ചിട്ടില്ല. ബാങ്കില്‍ നിന്നും ലോണെടുത്ത് ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയവരാണ് പലരും. പണം ലഭിക്കാതായതോടെ ചെറുകിട യൂണിറ്റുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
സര്‍ക്കാരില്‍ നിന്നും സബ്സിഡി തുക ലഭിക്കാത്തതാണ് പ്രതിന്ധിക്ക് കാരണമെന്ന് സപ്ലൈകോ അധികൃതര്‍ വ്യക്തമാക്കി.പണം ലഭിക്കുന്ന മുറക്ക് കുടിശ്ശിക തുക കൊടുത്തു തീര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.