India Kerala

ചെയർമാൻ സ്ഥാനത്തിനായി മാണി – ജോസഫ് വിഭാഗങ്ങള്‍ നീക്കം ശക്തമാക്കി

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തിനായി മാണി വിഭാഗവും ജോസഫ് വിഭാഗവും നീക്കങ്ങൾ ശക്തമാക്കി. പാർട്ടി കമ്മിറ്റികളിലെ ഭൂരിപക്ഷം തെളിയിച്ചു ചെയർമാൻ സ്ഥാനം സ്വന്തമാക്കാനാണ് മാണി വിഭാഗം ശ്രമിക്കുന്നത്. എന്നാൽ പാർലമെൻററി പാർട്ടിയിലെ ഭൂരിപക്ഷവും യു.ഡി.എഫ് ഇടപെടലും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ കണക്കുകൂട്ടൽ. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ ഒത്തുതീർപ്പ് ശ്രമങ്ങളും പരാജയപ്പെടുകയാണ്.

ലോക്സഭാ സീറ്റും രാജ്യസഭ സീറ്റും കിട്ടാതിരുന്നത് ഉയർത്തിക്കാട്ടിയാണ് ചെയർമാൻ സ്ഥാനത്തിന് വേണ്ടിയുള്ള ആവശ്യം ജോസഫ് വിഭാഗം ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ ജോസ് കെ മാണിയെ അംഗീകരിക്കാൻ സാധിക്കാത്ത മാണി വിഭാഗത്തിലെ ചില മുതിർന്ന നേതാക്കളും ജോസഫിനൊപ്പം നിൽക്കുന്നുണ്ട്. ഇത് പാർലമെൻററി പാർട്ടി യോഗത്തിൽ ജോസഫിന് ഗുണം ചെയ്യും. യു.ഡി.എഫും ജോസഫിനൊപ്പം നിന്നാൽ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയാകും. എന്നാൽ പാർട്ടിക്കുള്ളിലെ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് സംസ്ഥാന സമിതിയും സ്റ്റിയറിങ് കമ്മിറ്റിയുമാണെന്നാണ് മാണി വിഭാഗം പറയുന്നത്. ഈ സമിതികളിൽ മാണി വിഭാഗത്തിന് ഭൂരിപക്ഷം ഉണ്ട്. ഒഴിവുവന്ന സ്ഥാനങ്ങളിൽ ആരൊക്കെ വരണം എന്ന് ചർച്ച വരുമ്പോൾ അത് മാണി വിഭാഗത്തിന് അനുകൂലമാക്കാൻ ഇവർക്ക് സാധിക്കും. അങ്ങനെവന്നാൽ ചെയർമാൻ സ്ഥാനം ജോസ് കെ മാണിയിലേക്ക് തന്നെ എത്തും.

പിളർപ്പ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ സി.എഫ് തോമസ് എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെങ്കിലും ഇരുവിഭാഗവും നിലപാട് കടുപ്പിച്ചത് ഇതിന് തിരിച്ചടിയാണ്. സി.എഫ് തോമസിനെ ചെയർമാനാക്കാൻ പി.ജെ ജോസഫ് തയ്യാറാണെങ്കിലും മാണി വിഭാഗം ഇത് അംഗീകരിക്കില്ല.