Kerala

ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തര്‍ക്കം; സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ല നന്ദി കാണിക്കേണ്ടതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി

ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പ്. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍പറഞ്ഞു. പി. ടി തോമസിനോട് നന്ദി കാണിക്കേണ്ടത് ഭാര്യക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലെന്നുമാണ് വിമര്‍ശനം. സെമി കേഡര്‍ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും എം ബി മുരളീധരന്‍ കുറ്റപ്പെടുത്തി.

‘സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും ആദ്യം ഷോക്കായി. കാരണം ഒരു ചര്‍ച്ചയുമില്ലാതെയാണ് തീരുമാനമെടുത്തത്. പി. ടി തോമസിന്റെ ഭാര്യയെ കുറ്റംപറയുന്നില്ല. പാര്‍ട്ടി നേതൃത്വം ആലോചിക്കാതെയെടുത്ത തീരുമാനമാണ്. സെമി കേഡര്‍ സിസ്റ്റത്തിലേക്ക് പോകാനുള്ള നീക്കമാണല്ലോ. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണോ ഇതെന്ന് സംശയിക്കുന്നതായും എം ബി മുരളീധരന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു.

യോഗത്തിന് മുന്‍പേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശന്‍ ആശയവിനിമയം നടത്തിയിരുന്നു. പി.ടി. തോമസിന്റെ സിറ്റിംഗ് സീറ്റില്‍ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തില്‍ കെ.സുധാകരനും വി.ഡി.സതീശനും ഒറ്റക്കെട്ടുമാണ്. ഇതിനിടയിലാണ് എതിര്‍പ്പുമായി ഒരുവിഭാഗം രംഗത്തെത്തുന്നത്.