സംസ്ഥാനത്തെ ആശുപത്രികളില്‍ ഡിസ്ചാര്‍ജ് പോളിസി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാര്‍ജ് പോളിസി പുതുക്കിയത്. നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ആശുപത്രി വിടുന്നതിന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗ ലക്ഷണങ്ങളുള്ള രോഗികള്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് മുതലോ, ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ കൊവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടില്‍ 7 ദിവസം നിരീക്ഷണത്തില്‍ കഴിയുക. അതോടൊപ്പം മൂന്ന് ദിവസം തുടര്‍ച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താല്‍ ഗൃഹ നിരീക്ഷണം അവസാനിപ്പിക്കാം.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് അപായസൂചനകള്‍ ഉണ്ടോ എന്ന് നിരീക്ഷിക്കണം. ദിവസവും 6 മിനിറ്റ് ‘നടത്ത പരിശോധന’ നടത്തണം. അപായ സൂചനകള്‍ കാണുകയോ അല്ലെങ്കില്‍ വിശ്രമിക്കുമ്പോള്‍ ഓക്സിജന്റെ അളവ് 94 ശതമാനത്തില്‍ കുറവോ അല്ലെങ്കില്‍ 6 മിനിറ്റ് നടന്നതിന് ശേഷം ഓക്സിജന്റെ അളവ് ബേസ് ലൈനില്‍ നിന്ന് 3 ശതമാനത്തില്‍ കുറവോ ആണെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ ദിശ 104, 1056ലോ, ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിയിലോ അറിയിക്കുക.
മിതമായ രോഗമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിതക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ അവസ്ഥയില്‍ വീട്ടില്‍ റൂം ഐസൊലേഷനായോ, സി.എഫ്.എല്‍.റ്റി.സി.യിലേക്കോ, സി.എസ്.എല്‍.റ്റി.സി.യിലേക്കോ ഡിസ്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.
ഗുരുതര രോഗം, എച്ച്‌ഐവി പോസിറ്റീവ്, അവയവം സ്വീകരിച്ചവര്‍, കാന്‍സര്‍ രോഗികള്‍, ഇമ്മ്യൂണോ സപ്രസന്റ്സ് ഉപയോഗിക്കുന്നവര്‍, ഗുരുതര വൃക്ക, കരള്‍ രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ രോഗലക്ഷണങ്ങള്‍ തുടങ്ങിയതിനു ശേഷം പതിനാലാം ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാല്‍ ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസ്സം കുറയുക, ഓക്സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം എന്നിങ്ങനെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതാണ്.
ആരോഗ്യ സ്ഥിതി മോശമാണെങ്കില്‍ ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങള്‍ അനുസരിച്ച് കൊവിഡ് ഐസിയുവിലോ നോണ്‍കോവിഡ് ഐസി യുവിലോ പ്രവേശിപ്പിക്കുക. റാപ്പിഡ് ആന്റിജന്‍ പരിശോധനാഫലം പോസിറ്റീവ് ആണെങ്കില്‍ നെഗറ്റീവ് ആകുന്നതു വരെ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തുകയും നെഗറ്റീവ് ആകുമ്പോള്‍ ഡിസ്ചാര്‍ജ് ആക്കുകയും ചെയ്യും. നേരിയ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നപക്ഷം 48 മണിക്കൂറുകള്‍ക്കുള്ളില്‍ പനി ഇല്ലാതിരിക്കുകയും, ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുകയാണെങ്കില്‍ അപായ സൂചനകള്‍ നിരീക്ഷിക്കുന്നതിനുള്ളനിര്‍ദ്ദേശത്തോടുകൂടി വീട്ടില്‍ നിരീക്ഷണം നടത്തുന്നതിനായി ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്.
ഗുരുതര രോഗികള്‍ക്ക് 14 ദിവസത്തിനു മുന്‍പായി ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍ രോഗിയെ സി.എസ്.എല്‍.റ്റി.സിയില്‍ പ്രവേശിപ്പിക്കാവുന്നതും പതിനാലാംദിവസം അവിടെ നിന്ന് ആന്റിജന്‍ പരിശോധന നടത്താവുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം അടുത്ത 7 ദിവസത്തേക്കു കൂടി എന്‍ 95 മാസ്‌ക് ധരിക്കുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്. 20 ദിവസങ്ങള്‍ക്കു ശേഷവും ആന്റിജന്‍ പരിശോധന പോസിറ്റീവ് ആയി തുടരുന്ന രോഗികളുടെ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി നല്‍കേണ്ടതാണ്.
സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.