India Kerala

‘ഞാൻ അപമാനിതനായി; എന്തിനാണ് എന്നെ മാറ്റി നിർത്തിയത്?’ ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ സംവിധായകൻ ജിയോ ബേബി

ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി സംവിധായകൻ ജിയോ ബേബി. സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് കോളജിൽ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതിലാണ് ജിയോ ബേബി പ്രതിഷേധമറിയിച്ച് ​രം​ഗത്തെത്തിയത്. കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതർ അറിയിക്കുന്നതെന്ന് ജിയോ ബേബി സോഷ്യൽമീഡിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താൽ സ്റ്റുഡന്റ്സ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചെന്നാണ് ജിയോ ബേബി പറയുന്നത്. താൻ അപമാനിതനായെന്ന് ജിയോ ബേബി വീഡിയോയിൽ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽമീഡിയയിൽ പോസ്റ്റർ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടെന്നു മാറ്റി വയ്ക്കാൻ കാരണമെന്തെന്ന് അറിയാനായി പ്രിൻസിപ്പാലിന് മെയിൽ‌ അയച്ചെന്നും വാട്സ്ആപ്പിലും ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സംവിധായകൻ പറയുന്നു. എന്താണ് തന്നെ മാറ്റി നിർത്തുവാനും ഈ പരിപാടി റദ്ദാക്കാനും ചെയ്യുവാനുമുള്ള കാരണമെന്നായിരുന്നു ചോദ്യം സംവിധായകന്റെ ചോദ്യം.

വിഷയത്തിൽ പ്രതിഷേധം അറിയിച്ചില്ലെങ്കിൽ അത് ശരിയല്ലെന്നും തനിക്ക് മാത്രമല്ല നാളെ ഇത്തരം അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് പ്രതിഷേധിക്കുന്നതെന്നും ജിയോ ബേബി വീഡിയോയിൽ പറയുന്നു.