Kerala

ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ്; പീഡനക്കേസിൽ മുൻ‌കൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ

പീഡനക്കേസിൽ മുൻ‌കൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ് എന്ന് ജാമ്യാപേക്ഷയിൽ ബാലചന്ദ്രകുമാർ ആരോപിക്കുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തലിന് പ്രതികാരമായാണ് പീഡന പരാതിയെന്നും ഹർജിയിൽ പറയുന്നു. ഇതിൽ ഗൂഢാലോചനയുണ്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷം പരാതി നൽകിയതിനുള്ള കാരണം ഇവർക്ക് വ്യക്തമാക്കാൻ പോലും കഴിയുന്നില്ലെന്നും ജാമ്യ ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കാം. താൻ നിരപരാധിയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവം നടന്ന് ഇത്രയും വർഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും യുവതി പരാതിയിൽ പറയുന്നു. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി വ്യക്തമാക്കി. സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നും യുവതി പരാതിയിൽ കൂട്ടിച്ചേർത്തിരുന്നു.