Kerala

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും

ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ബെഞ്ച് ഹരജികൾ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്‍റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു. വധ ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ സ്ഥിതിക്ക് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ നിലപാട് എടുത്തേക്കും.

വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ് ഇന്നലെ കോടതിയോട് ചോദിച്ചിരുന്നു. ഇവർ അനുഭവിക്കും എന്ന് പറഞ്ഞതായി ദിലീപ് കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഇത് ശാപ വാക്കുകളാണെന്നും അതെങ്ങനെ വധഗൂഢാലോചനയായി കണക്കാക്കുമെന്നും ദിലീപ് ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്നും ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കി. തനിക്കെതിരായ മൊഴികൾ കോടതി വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദീലീപ് ആരോപിക്കുന്നു. ബാലചന്ദ്രകുമാറിന്‍റേത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്നും ദിലീപ് പറയുന്നു. ഗൂഢാലോചന കേസിൽ കുടുംബത്തിലെ എല്ലാവരെയും പ്രതി ചേർത്തത് വ്യക്തി വൈരാഗ്യം മൂലമാണ്. ഓഡിയോ റെക്കോഡ് ചെയ്ത ഉപകരണങ്ങൾ അവരുടെ കൈവശമില്ല. ഹാജരാക്കിയ ഓഡിയോ യഥാർഥത്തിൽ റെക്കോഡ് ചെയ്ത ഫോൺ ബാലചന്ദ്രകുമാറിന്‍റെ കൈവശമില്ല. തന്നെ അപകീർത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനുമാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിച്ചു.