നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ നടന്‍ ദിലീപ് നൽകിയ ഹർജി തള്ളി. മറ്റന്നാൾ ദിലീപുൾപ്പടെയുള്ള പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും. അപ്പീലുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും.
പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കൊച്ചിയിലെ വിചാരണ കോടതിയിൽ നൽകിയ വിടുതല്‍ ഹർജിയാണ് തള്ളിയത്. മറ്റന്നാൾ ഈ കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 10-ാം പ്രതി വിഷ്ണുവും വിടുതൽ ഹരജി നൽകിയെങ്കിലും പ്രാഥമിക ഘട്ടത്തിൽ ഇത്തരത്തിലുള്ള ആവശ്യം പരിഗണിക്കാനാവില്ലെന്ന് കണ്ട് കോടതി തള്ളുകയായിരുന്നു. വിടുതൽ ഹരജി തള്ളിയ സാഹചര്യത്തിൽ അപ്പീൽ സമർപ്പിക്കാൻ 10 ദിവസത്തെ സമയം അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി.
കോടതി അനുമതി പ്രകാരം ദിലീപും അഭിഭാഷകരും സാങ്കേതിക വിദഗ്ദന്‍റെ സാന്നിധ്യത്തില്‍ കേസിലെ വീഡിയോ രേഖകൾ പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിടുതല്‍ ഹർജിയുമായി ദിലീപ് കോടതിയെ സമീപിച്ചത്.നിരപരാധിയാണന്നും തന്നെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഹരജി തള്ളിയ സാഹചര്യത്തിൽ ദിലീപ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചേക്കും.