തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ദിലീപുമായി നിരവധി സാമ്പത്തിക ഇടപാടുകളുള്ള വ്യക്തിയാണ് ഗാലിഫ്. ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
വധഗൂഡാലോചന കേസില്‍ ഹാക്കര്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈലിലെ ചാറ്റുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നതിന്റെ തെളിവുകളും കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കി.
വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ച വിന്‍സന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്തിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത കഴിഞ്ഞദിവസം രംഗത്തെത്തി. ബാര്‍ കൗണ്‍സിലില്‍ നേരിട്ടെത്തി അതിജീവിത അഡ്വക്കറ്റ് രാമന്‍ പിള്ളയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. രാമന്‍ പിള്ള തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് അതിജീവിത പരാതിയില്‍ പറയുന്നു.
അഭിഭാഷകന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിനുള്ള തെളിവുകള്‍ പുറത്തുവരവെ ഇയാള്‍ക്കെതിരെ നടപടി വേണമെന്നും അതിജീവിതയുടെ പരാതിയിലുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ അനൂപിനെയും സുരാജിനെയും ഉടന്‍ ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് തീരുമാനം എടുത്തിട്ടുണ്ട്.