നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ്. ദൃശ്യങ്ങൾ കൈവശം ഉണ്ടെന്ന ആരോപണം തെറ്റെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ട ദിലീപ് ഫോണുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം തടയണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്ന് ലഭിച്ചതാണെന്നും ദിലീപ് പറയുന്നു.
ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ആ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർനടപടികളുണ്ടാകും.
എന്നാൽ അതിജീവിതക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണുള്ളത്. അതിജീവിത നൽകിയ ഹർജിയിലാണ് സർക്കാരിന്‍റെ മറുപടി.