India Kerala

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ മൊഴി നൽകാനെത്തുന്നത് വിവാഹ മോചനക്കേസ് നടന്ന കോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തുന്നത് 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിൽ. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയാണ് ഇപ്പോൾ ഈ കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സി.ബി.ഐ കോടതി എന്നതാണ് ആകസ്മികത.

2015 ജനുവരി 31ന് ഇവിടെ നിന്നാണ് നിറ കണ്ണുകളോടെ മഞ്ജു വിവാഹമോചന നടപടി പൂർത്തിയാക്കി ഇറങ്ങിയത്. കലൂരിലെ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവർത്തിച്ച മുറി എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷൻസ് കോടതിയിലാണ് നടംക്കണ്ടിയിരുന്നത്. എന്നാൽ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. തുടർന്ന് സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിക്കു മുന്നിൽ കേസെത്തി. 27 നാണ് മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം നടക്കുക. മുൻ ഭർത്താവിനെതിരായ കേസിൽ സാക്ഷിയായി മഞ്ജു ഇതേ കോടതിയിൽ വീണ്ടും എത്തുന്നത് തികച്ചും യാദൃശ്ചികമാണ്.