കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരൻ ആത്മഹ്യ ചെയ്‌തു. വളയത്ത് ജോസഫ് ആണ് മരിച്ചത്. 74 വയസായിരുന്നു. അഞ്ച മാസമായി പെൻഷൻ ലഭിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്‌തത്. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇയാളുടെ കുടുംബം. അയല്‍വാസികളാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ പിന്നീട് അനാഥാലയത്തില്‍ എത്തിച്ചു. ഇയാളുടെ ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷമായി.
നവംബര്‍ 9നാണ് തനിക്കും ഭിന്നശേഷിക്കാരിയായ മകള്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് പരാതി നല്‍കിയത്. 15 ദിവസത്തിനകം പെന്‍ഷന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, എസ്എച്ച്ഒ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്.
അതേസമയം പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പെന്‍ഷന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്ക് രണ്ടാമത് നല്‍കിയ പരാതിയില്‍ കടം വാങ്ങി മടുത്തുവെന്നും മകള്‍ കിടപ്പ് രോഗിയാണെന്നും പറഞ്ഞിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)