Kerala

ധോണിയെ വിറപ്പിച്ചവൻ ഇന്ന് കൂളാണ്; പിടി സെവന്‍ കൂട്ടിലായിട്ട് ഒരു വര്‍ഷം

ധോണിയെ നാല് വര്‍ഷത്തോളം വിറപ്പിച്ച പിടി സെവന്‍ എന്ന കൊമ്പന്‍ കൂട്ടിലായിട്ട് ഒരു വര്‍ഷം പിന്നിട്ടു.കഴിഞ്ഞവര്‍ഷം ജനുവരി 22നാണ് പിടിസെവനെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്. അഞ്ച് മാസം പ്രത്യേക കൂട്ടിലായിരുന്ന പിടി സെവനെ ഇപ്പോള്‍ കൂടിന് പുറത്താണ് കെട്ടിയിടുന്നത്.പിടി സെവനെ കുങ്കിയാനയാക്കില്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്. പിടി സെവന്റെ ഭാവി സംബന്ധിച്ച തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

ധോണി കാടുകളില്‍ നിന്നും ഇറങ്ങിവന്ന പി ടി സെവന്‍ ജനജീവിതത്തിന് തടസമായതോടെയാണ് പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചത്. നാല് വര്‍ഷത്തോളം അവന്‍ കാടും നാടും ഒരു പോലെ വിറപ്പിച്ചു. പക്ഷേ അവസാന കാലമായപ്പോഴേക്ക് അക്രമ സ്വഭാവം കൂടി. പ്രദേശവാസികളുടെ കൃഷിയിടങ്ങളിലേക്കും സ്വത്ത് വകകള്‍ക്കും ജീവനും നാശനഷ്ടം നേരിട്ടു. ഇതോടെകാട്ടാനെയെ പിടിക്കണമെന്ന ആവശ്യം ഉയർന്നു.

2023 ജനുവരി 22 ന് പതിവ് പോലെ കോര്‍മ എന്ന സ്ഥലത്തെത്തിയ പി ടി സെവനെ രാവിലെ 7.10 ന് വെറും അമ്പത് മീറ്റര്‍ മാത്രം അകലെ വച്ച് ഡോ. അരുൺ സക്കറിയ ഇടത് ചെവിക്ക് താഴെ മുൻ കാലിന് മുകളിലായി ഉന്നം പിടിച്ച് മയക്ക് വെടി വച്ചു. മയങ്ങിയില്ലെങ്കില്‍ വീണ്ടും വെടിവയ്ക്കാനായി ബൂസ്റ്റര്‍ ഡോസും തയ്യാറാക്കി. പക്ഷേ, ആദ്യ വെടിയില്‍ തന്നെ പി ടി സെവന്‍ മയങ്ങി. പിന്നാലെ വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുംങ്കിയാനകളുടെ സഹായത്തെടെ തളച്ചു. പിന്നാലെ കൂട്ടിലേക്ക്.

അങ്ങനെ വര്‍ഷം ഒന്ന് കഴിഞ്ഞിരിക്കുന്നു, ധോണി ഇന്ന് ശാന്തനാണ്. ധോണി ആരോഗ്യം വീണ്ടെടുത്തു, പക്ഷേ കണ്ണിന്‍റെ കാഴ്ചയ്ക്ക് മങ്ങലുണ്ട്. വിദേശത്ത് നിന്നും എത്തിച്ച തുള്ളിമരുന്ന് നല്‍കുന്നുണ്ട്.. പാപ്പന്മാരെ അനുസരിക്കുന്നു. ധോണിയെ മറ്റൊരു കുംങ്കിയാന ആക്കാനായിരുന്നു വനം വകുപ്പിന്‍റെ തീരുമാനം. പക്ഷേ കാഴ്ചക്കുറവ് ഒരു തടസമായി നില്‍ക്കുകയാണ്.