Kerala

മുട്ടിൽ മരംമുറിക്കേസ് പ്രതികളിൽ നിന്നും ഭീഷണി; പരാതി നൽകി ഡി.എഫ്.ഒ. പി. ധനേഷ് കുമാർ

മുട്ടിൽ മരംമുറിക്കേസിലെ പ്രതികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ പരാതി നൽകി. എ.ഡി.ജി.പി. ശ്രീജിത്തിനാണ് പരാതി നൽകിയത്. മരംമുറിക്കൽ കേസ് അന്വേഷിച്ച കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ആയിരുന്നു പി. ധനേഷ് കുമാർ. ജയിലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴും പ്രതികൾ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയിൽ ആരോപിക്കുന്നു.

അതിനിടെ മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി. സാജനെ സസ്പെൻഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാ‍ർശയിൽ ഒരുമാസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച ഫയൽ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ കറങ്ങുകയാണ്. എട്ട് ദിവസം കൈവശം വച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, ഫയൽ വനംമന്ത്രിക്ക് തിരിച്ചയത്.

മരംമുറിക്കേസിലെ പ്രതികളും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും സാജനും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നായിരുന്നു വനംവകുപ്പ് എ.പി.സി.സി.എഫ്. രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ട്. കേസ് അട്ടിമറിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും ശ്രമിച്ച സാജനെതിരെ ഗൗരവമായ നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സമർപ്പിച്ചത് ജൂൺ 29നായിരുന്നു. ശുപാർശ അംഗീകരിച്ച വനം വകുപ്പ് സസ്പെൻഡ് ചെയ്യാനാണ് ഫയലിൽ എഴുതിയതെന്നാണ് വിവരം. വനംമന്ത്രി ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകുന്നത് ജുലൈ 20ന്. എട്ട് ദിവസത്തിന് ശേഷം 28ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയൽ വനം മന്ത്രിക്ക് തിരിച്ചയച്ചു. ഐ.എഫ്.എസ്. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനുള്ള ഗൗരവമായ ശുപാർശകൾ റിപ്പോർട്ടിൽ ഇല്ലെന്നായിരുന്നു വിശദീകരണം.