India Kerala

കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത രേണു രാജിനെ സ്ഥലംമാറ്റി

ഇടുക്കി മുൻ എംപി ജോയ്സ് ജോർജ്ജിൻറെയും കുടുംബാംഗങ്ങളുടെയും കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറെ സ്ഥലംമാറ്റി. ജോയ്സ് ജോർജിന്റെ ഭൂമി വിഷയം കൈകാര്യം ചെയ്ത ശ്രീരാം വെങ്കിട്ടരാമനും വി.ആർ പ്രേംകുമാറിനും പിന്നാലെയാണ് രേണു രാജിനെ സബ്കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്.

കൊട്ടക്കമ്പൂരിലെ ജോയിസ് ജോർജ്ജിന്റെയും കുടുംബത്തിന്റെയും വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ദേവികുളം സബ് കലക്ടറിനെ മാറ്റി കൊണ്ടുള്ള തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. ദേവികുളം സബ് കലക്ടർ ആയിരുന്ന പ്രേംകുമാറായിരുന്നു ഇടുക്കി മുൻ എംപിയുടെയും കുടുംബാഗങ്ങളുടെയും പേരിലുള്ള 20 ഏക്കർ സ്ഥലത്തിൻറെ അഞ്ച് പട്ടയങ്ങൾ ആദ്യം റദ്ദാക്കിയത്.

മൂന്നാറിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ നടപടി തുടരുന്നതിനിടെയാണ് മൂന്ന് സബ് കലക്ടർമാർക്കും സർക്കാർ സ്ഥാനചലനം നൽകിയത്. കഴിഞ്ഞ നവംബർ 19നാണ് രേണുരാജ് ചുമതലയേറ്റത്. മുതിരപ്പഴയുടെ തീരത്ത് പഞ്ചായത്ത് നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രത്തിൻറെ പണികൾ അടക്കമുള്ള കൈയ്യേറ്റങ്ങൾ സബ്കലക്ടർ തടഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു രേണു രാജിന്റെ നടപടികൾ. തുടർന്നാണ് ദേവികുളം എം.എൽ.എ എസ് രാജേന്ദ്രൻ സബ്കലക്ടർക്ക് എതിരെ രംഗത്തെത്തിയത്. പിന്നീട് എം.എൽ.എ നടത്തിയ പരാമര്‍ശങ്ങൾ വലിയ വിവാദമാകുകയും ചെയ്തിരുന്നു.

അതിന് ശേഷവും രേണു രാജ് മൂന്നാർ മേഖലയിലെ പല കയ്യേറ്റങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിച്ചു. ഒടുവിൽ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്താണ് ജോയ്സ് ജോർജ്ജിൻറെയും കുടുംബാംഗങ്ങളുടെയും ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി സ്വീകരിച്ചത്. നടപടി സി.പി.എം നേതൃത്വത്തെ അതൃപ്തരാക്കി. മൂന്നാർ ടൗണിലെ മുതിരപ്പുഴയാർ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതും സ്ഥലം മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പറയുമ്പോഴും മൂന്നാമത്തെ സബ് കലക്ടർ ആണ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ദേവികുളത്തുനിന്ന് സ്ഥലം മാറി പോകുന്നത്.