ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ബുക്കിങ് കുറച്ചു. ഇന്ന് 89,850 തീർഥാടകരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ വിവിധയിടങ്ങളിൽ ക്രമീകരണങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. പൂജാ സമയത്ത് ക്ഷേത്രത്തിനകത്ത് തീർഥാടകർക്ക് മാത്രമായിരിക്കും പ്രവേശനം. അഷ്ടാഭിഷേകം ഓൺലൈൻ വഴി ബുക്ക് ചെയ്തവക്ക് മാത്രമായിരിക്കും.
സന്നിധാനത്തെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ സർക്കാർ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങൾ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യം ജില്ലാ കലക്ടർ ഇന്ന് കോടതിയെ അറിയിക്കും.
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനെടുത്തിട്ടുള്ള നടപടികൾ കാര്യക്ഷമമാക്കാനും കോടതി നിർദേശിച്ചിരുന്നു. നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്ത പക്ഷം കരാറുകാരനെ പുറത്താക്കാനാണ് കോടതിയുടെ നിർദേശം.