എറണാകുളത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചക്കുള്ളില്‍ 1000 ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ജില്ലയില്‍ മാത്രം ആറ് ദിവസത്തിനിടെ 10068 പേരാണ് രോഗബാധിതരായത്.
അതേസമയം രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു ലക്ഷത്തിലധികം പരിശോധനഫലങ്ങള്‍ ഇന്ന് പുറത്ത് വരാനിരിക്കേ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും ഉയര്‍ന്നേക്കുമെന്നാണ് സൂചന. നിലവില്‍ പതിനെണ്ണായിരത്തിലധികം പ്രതിദിന രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടത്ത് സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ ഉയര്‍ച്ചയും ആശങ്ക ഇരട്ടിയാക്കുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കുകള്‍ പ്രകാരം ഏഴ് ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതര്‍. അതില്‍ എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്തും ആശങ്ക വര്‍ധിക്കുകയാണ്. ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ശ്രീചിത്രയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു.
അതേസമയം രോഗവ്യാപനം അതിതീവ്രമായ മേഖലകളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്കാവും സര്‍ക്കാര്‍ ഇനി കടക്കുക. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കായി അതിര്‍ത്തി മേഖലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്ത് എത്തുന്നതോടെ വാക്‌സിനേഷന്‍ ക്യാമ്പുകളും പുന:രാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.