സംസ്ഥാനത്ത് സ്‍കൂളുകൾ തുറക്കാൻ വിദ്യാഭ്യാസവകുപ്പ് സജ്ജമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു. ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അനുമതി നൽകിയാൽ എപ്പോൾ വേണമെങ്കിലും സ്കൂൾ തുറക്കാം. പ്രവേശന നടപടികൾ പൂർത്തിയായെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മീഡിയവണിനോട് പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ കേന്ദ്രാനുമതി ലഭിച്ചെങ്കിലും കേരളത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കോവിഡ് പ്രശ്നം കുറയുന്ന മുറക്ക് തുറക്കാമെന്നായിരുന്നു സർക്കാർ തീരുമാനം. ഇതു സബന്ധിച്ച് വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സ്കൂളുകൾ പഠനാന്തരീക്ഷത്തിന് തയ്യാറാക്കിയത്. എപ്പോൾ സ്കൂൾ തുറക്കാൻ തീരുമാനിച്ചാലും അതിനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്. ഏതൊക്കെ ക്ലാസുകൾ എപ്പോഴൊക്കെ തുറക്കണമെന്ന കാര്യത്തിലും വിദ്യാഭ്യാസ വകുപ്പ് മാർഗ രേഖ തയ്യാറാക്കുകയാണ്.
പൊതു പരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും ആദ്യ ഘട്ടത്തിലും ശേഷം മറ്റ് ക്ലാസുകളും എന്ന രീതിയാകും സ്വീകരിക്കുക. സ്കൂൾ തുറന്നതിന് ശേഷം വാർഷിക പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രമം.