ആദ്യഘട്ടത്തിൽ കാട്ടുപന്നികളിൽ നിന്ന് സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിർേദശം. നിപ വൈറസ് പ്രവേശിച്ചാൽ കാട്ടുപ്പന്നികൾക്ക് ഉടൻ മരണം സംഭവിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് വിശദീകരിച്ചു. ആദ്യം പരിശോധിക്കേണ്ടത് വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് രാവിലെ 10 .30 ന് നടക്കുന്ന ആരോഗ്യ മൃഗസംരക്ഷണ വകുപ്പിന്റെ യോഗത്തിൽ കൈക്കൊള്ളും.
അതേസമയം നിപ രോഗം വന്നു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച 5 പേരുടെയടക്കം 36 പേരുടെ പരിശോധനാ ഫലമാണ് ലഭിക്കുക.
കൂടാതെ ഭോപ്പാലിൽ നിന്നുള്ള വിദഗ്‌ധ സംഘം നാളെ കോഴികോട്ട് എത്തും. ഒപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും നാളെ സ്ഥലത്തെത്തും. ചാത്തമംഗലത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മൃഗസംരക്ഷണ സാമ്പിള്‍ ശേഖരണം കഴിഞ്ഞ ദിവസം നടന്നിരുന്നു.