Kerala

സംസ്ഥാനത്ത് പനി മരണം കൂടുന്നു; കൊല്ലത്തും പത്തനംതിട്ടയിലും ഡെങ്കിപ്പനി മരണം


സംസ്ഥാനത്ത് വീണ്ടും പനിമരണം. കൊല്ലം ജില്ലയില്‍ രണ്ട് പേരും പത്തനംതിട്ടയില്‍ ഒരാളും മരിച്ചു. കൊല്ലം ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33) ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ചാത്തന്നൂര്‍ സെന്റ് ജോസഫ് യു പി സ്‌കൂളിലെ അഭിജിത്തും പനി ബാധിച്ച് മരിച്ചു.

പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിച്ച് മുണ്ടുക്കോട്ടക്കല്‍ ശ്രുതി ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി എത്തിച്ച ശ്രുതിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററില്‍ നിരീക്ഷണത്തിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഇന്നലെ ചികിത്സ തേടിയത് 12876 പേരാണ്. മലപ്പുറത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം 2000 കടന്നു. പകര്‍ച്ച പനിക്ക് എതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഡെങ്കിപ്പനി വ്യാപനം ജൂലൈയില്‍ ശക്തമാകാനും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവിനുമാണ് സാധ്യത. 2017ന് സമാനമായ രീതിയിലാണ് കേസുകള്‍ വര്‍ധിക്കുന്നത്. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴ്ച്ച പാടില്ലെന്നും ഡെങ്കിപനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടിയത് മലപ്പുറം ജില്ലയിലാണ് . 2095 പേര്‍.കോഴിക്കോട് 1529 ഉം എറണാകുളത്ത് 1217 ഉംതിരുവനന്തപുരത്ത് 1156 ഉം പേര്‍ ചികില്‍സ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിലെത്തിയത്. പനി പ്രതിരോധത്തിന് സ്വകാര്യ ആശുപത്രികളുടേയും പിന്തുണ സര്‍ക്കാര്‍ തേടിയിട്ടുണ്ട്.