Kerala

മരട് ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ ജനുവരി 11ന് തന്നെ പൊളിക്കും

മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ ജനുവരി 11ന് തന്നെ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം. പരിസര വാസികള്‍ക്കുളള ഇന്‍ഷുറന്‍സ് തുക 95 കോടിയായി നിശ്ചയിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും സബ് കലക്ടര്‍ വ്യക്തമാക്കി.

മുന്‍ നിശ്ചയപ്രകാരം തന്നെ ഫ്ലാറ്റുകള്‍ 11, 12 തിയതികളില്‍ തന്നെ പൊളിച്ചുനീക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും എല്ലാവരെയും അറിയിക്കും. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരില്ലെന്നും ഇതിനുളള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സബ് കലക്ടര്‍ സ്നേഹില്‍‌ കുമാര്‍ പറഞ്ഞു. ഫ്ലാറ്റുകള്‍ക്ക് പരിസരത്ത് താമസിക്കുന്നവരുടെ ആശങ്ക പരിഹരിക്കാനും ബോധവത്ക്കരണം നടത്തുവാനുമുളള പ്രവര്‍ത്തനുങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഡിസംബര്‍ 15, 16 തിയതികളില്‍ പരിസരവാസികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കൈമാറുമെന്നും സ്നേഹില്‍ കുമാര്‍ വ്യക്തമാക്കി. ഇന്‍ഷുറന്‍സ് തുക നേരത്തേ 125കോടിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് 95 കോടിയായി കുറച്ചു.

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായാണ് ഇക്കാര്യത്തില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കൃത്യമായ അവലോകനത്തിലാണ് 95 കോടി രൂപ ഇന്‍ഷുറന്‍സ് തുക നിശ്ചയിച്ചതെന്നും സബ്കലക്ടര്‍ പറഞ്ഞു. അതേസമയം ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ പ്രദേശത്തെ കെട്ടിടങ്ങളുടെ സ്ട്രക്ചറല്‍ സര്‍വെ നടപടികള്‍ ആരംഭിച്ചു. ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാത്തതിനെതുടര്‍ന്ന് പ്രദേശത്ത് നേരിയ രീതിയില്‍ വാക്കേറ്റം ഉണ്ടായി. പ്രദേശവാസികളുമായും നഗരസഭ പ്രതിനിധികളുമായും സബ്കലക്ടര്‍ പിന്നീട് ചര്‍ച്ച നടത്തിയാണ് ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കിയത്.