Kerala

ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികൾ ഇന്നാരംഭിക്കും

തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ഇന്നാരംഭിക്കും. പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠന റിപ്പോർട്ട് കളക്ടർക്ക് നൽകി. മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിക്കൽ നടപടികൾ.

2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വി. ആർ കൃഷ്ണതേജയടക്കമുള്ള അധികൃതർ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച് സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. കൊവിഡും പാണാവള്ളി പഞ്ചായത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും മൂലം പൊളിക്കൽ നീണ്ടുപോവുകയായിരുന്നു.

പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തിൽ 24 ഏക്കറിലായിട്ടാണ് കാപ്പിക്കോ റിസോർട്ട് പണി കഴിപ്പിച്ചത്. റിസോർട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രിം കോടതി വിധി. 54 വില്ലകൾ അടക്കം 72 കെട്ടിടങ്ങളുണ്ട്. മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകൾക്ക് 40 അടി വരെ താഴ്ചയും. കെട്ടിടം പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ കായലിൽ വീഴരുത് എന്ന കർശന നിർദേശവും കോടതി നൽകിയിട്ടുണ്ട്.