Kerala

കോട്ടയത്തെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അസ്വാഭാവിക മരണത്തിന് കേസ്

കുട്ടി കോപ്പിയടിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍.

കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാണാതായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടി കോപ്പിയടിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം അഞ്ജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അഞ്ജു പി ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നും ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതികൊണ്ടുവന്നു എന്നുമാണ് ഹോളിക്രോസ് കോളജ് അധികൃതരുടെ ആരോപണം. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന അഞ്ജു കോപ്പിയടിക്കില്ലെന്ന് തന്നെയാണ് കുടുംബം വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കോളജിനെതിരെ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

കോപ്പിയടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വകലാശാല നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നടപടികള്‍ മാത്രമാണ് എടുത്തതെന്നാണ് കോളജിന്റെ വിശദീകരണം. സംഭവം വിവാദമായ സാഹചര്യത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.