സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഹിറ്റാകാന്‍ വേണ്ടി ബൈക്ക് യാത്രികരെ മനപൂർവ്വം വാഹനമിടിപ്പിച്ച യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. ആലപ്പുഴ തൃക്കുന്നപുഴയിലാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി യുവാക്കള്‍ ആക്സിഡന്‍റ് സൃഷ്ടിച്ചത്.
നേരത്തെ ആസൂത്രണം ചെയ്തതുപോലെ യുവാക്കള്‍ തന്നെ നവമാധ്യമങ്ങളില്‍ ഹിറ്റ് ലഭിക്കാന്‍ വേണ്ടി ഈ വീഡിയോ പങ്കുവെക്കുകയായിരുന്നു. ആക്സിഡന്‍റ് ഉണ്ടാക്കുന്നതിന് മുമ്പുള്ള വീഡിയോ ഉള്‍പ്പടെയാണ് യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ ജഗദീഷിന്‍റെ ക്യാരക്ടര്‍ അഭിനയിച്ച ഒരു രംഗത്തിന്‍റെ ഓഡിയോ ഉപയോഗിച്ചു കൊണ്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ഏകദേശം രണ്ടാഴ്ച മുന്‍പാണ് വിഡിയോ ഷൂട്ട് ചെയ്യുന്നതിനായി ഒരു വൃദ്ധനും യുവാവും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ യുവാക്കളുടെ വാഹനം ഇടിപ്പിച്ചത്. അപകടശേഷം ആകസ്മികമായി സംഭവിച്ചതാണെന്ന തരത്തില്‍ പറഞ്ഞ് യുവാക്കള്‍ സ്ഥലം വിടുകയായിരുന്നു. ആകാശ്, ശിവദേവ് എന്നിവരാണ് ബൈക്ക് ഓടിച്ചത്. സുജീഷ്, അഖിൽ, ശരത് എന്നിവരടക്കം ബാക്കിയുള്ളവർ ഇവരെ ബൈക്കിൽ പിന്തുടർന്നു.
പിന്നീട് വീഡിയോ വൈറലായതിനെത്തുടര്‍ന്ന് പരാതി ലഭിച്ചതോടെ കായംകുളം വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ അപകടം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്നാണ് യുവാക്കള്‍ക്കെതിരേ നടപടിയുണ്ടായത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരടക്കം അഞ്ചുപേരുടെയും ലൈസൻസും വാഹനത്തിന്‍റെ രെജിസ്ട്രേഷനും മോട്ടോർ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.