Kerala

സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ തീവ്രവാദസംഘത്തെ രൂപീകരിച്ചു: എന്‍ഐഎ

എൻ‌ഐ‌എ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ തീവ്രവാദ സംഘത്തെ രൂപീകരിച്ചെന്ന് എന്‍ഐഎ. സംഘത്തിലേക്ക് ആളുകളെ നിയമിക്കുകയും പണം സ്വരൂപിക്കുകയും ചെയ്തു. കൊച്ചിയിലെ എൻ‌ഐ‌എ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

സംഘത്തിൽ അംഗങ്ങളാകാൻ 2019 ജൂൺ മുതൽ പ്രതികൾ അറിഞ്ഞുകൊണ്ട് ഗൂഢാലോചന നടത്തി. 2019 നും 2020 ജൂണിനും ഇടയിൽ 167 കിലോഗ്രാം സ്വർണം ഇന്ത്യയിലേക്ക് കടത്താൻ സൗകര്യമൊരുക്കി. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്ക് നഷ്ടം വരുത്തി പണം സമ്പാദിക്കാനുള്ള ഉദ്ദേശ്യവും പ്രതികള്‍ക്ക് ഉണ്ടായിരുന്നു. ഇന്ത്യയിലേക്ക് വലിയ അളവിൽ സ്വർണം കടത്തുന്നത് രാജ്യത്തിന്‍റെ സുരക്ഷയെയും സാമ്പത്തിക സുരക്ഷയെയും ഭീഷണിപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്തു. യുഎഇയുമായുള്ള സൗഹൃദ ബന്ധത്തെ ഇത് തകർക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമത്തിലെ 16, 17, 18, 20 വകുപ്പുകൾ പ്രകാരം എല്ലാ പ്രതികളും കുറ്റം ചെയ്തുവെന്നും കുറ്റപത്രത്തിലുണ്ട്.